National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം സംബന്ധിച്ച് വിലയിരുത്താൻ രാവിലെ 9:30 ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. നടന്നത് ഭീകരാക്രമണമാണെന്ന സൂചയുള്ള സാഹചര്യത്തിലാണ് നിർണായക യോഗം ചേരുന്നത്. ഐബി ഡയറക്ടർ, ആഭ്യന്തര സെക്രട്ടറി, ഡൽഹി പോലീസ് കമ്മീഷണർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
അതേസമയം, സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കോട്ട പരിസരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. തിങ്കളാഴ്ച രാത്രി പഹാർഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ രാത്രി മുഴുവൻ പോലീസ് പരിശോധന നടത്തിയിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരെ ഇതുവരെ ചോദ്യം ചെയ്തു.
National
ന്യൂഡൽഹി: എല്ലാ പാർട്ടികളുടെയും പ്രവർത്തകർ ബിജെപി സർക്കാർ നൽകുന്ന അഞ്ചു കിലോ റേഷൻ കൊണ്ടാണു ജീവിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് വിശദീകരണം.
എൻഡിടിവിയുടെ സമ്മേളനത്തിൽ ഷാ പ്രസംഗിച്ചതായി പ്രചരിക്കുന്ന ഡിജിറ്റൽ പോസ്റ്ററിലുള്ളതു വ്യാജമാണെന്ന് എൻഡിടിവി അറിയിച്ചു.
ആഭ്യന്തരമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ബിജെപിയും വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ദേശീയ മാധ്യമ പാനൽ അംഗമായ സുരേന്ദ്ര രജ്പുത്ത് അടക്കം അനേകർ എക്സിലും ഫേസ്ബുക്കിലും വ്യാജ പോസ്റ്റർ പങ്കുവച്ചതോടെയാണു വിശദീകരണം.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎയ്ക്ക് ഭരണം ലഭിക്കുകയാണെങ്കിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് പറയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രിയെ ചർച്ചയിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടയാൾ ഞാനല്ല.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പു കഴിയുമ്പോൾ സഖ്യകക്ഷികൾ എല്ലാവരും ഒരുമിച്ചിരുന്നു തീരുമാനിക്കും ആരാകണം മുഖ്യമന്ത്രിയെന്ന്. അത് എല്ലാവരും അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
2020ലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപിയിൽ നിന്നു മുഖ്യമന്ത്രിയെ വേണമെന്ന നിർദേശവുമായി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ജെഡിയുവിനെക്കാൾ കൂടുതൽ സീറ്റ് ബിജെപി നേടിയ പശ്ചാത്തലത്തിലായിരുന്ന നിതീഷ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നും ഷാ വെളിപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിന് 43 സീറ്റും ബിജെപിക്ക് 74 സീറ്റുമാണ് ലഭിച്ചത്. ഇന്ത്യാ സഖ്യം ജയിച്ചാൽ താനാകും മുഖ്യമന്ത്രിയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനു നഷ്ടമായ മുഖ്യമന്ത്രി പദം ഇക്കുറി സ്വന്തമാക്കുകയാണ് തേജസ്വിയുടെ ലക്ഷ്യം. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു.
National
ന്യൂഡൽഹി: ഓപ്പറേഷന് മഹാദേവിലൂടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഓപ്പറേഷന് സിന്ദൂറില്‍ ലോക്സഭയില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
പഹല്‍ഗാം ആക്രമണം നടത്തിയ സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് പേരെയാണ് തിങ്കളാഴ്ച വധിച്ചത്.
ഇവരില്‍നിന്ന് പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. ഫോറന്‍സിക് പരിശോധനയില്‍ ആയുധങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ വോട്ടര്‍ ഐഡി കാര്‍ഡ് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തന്നെ ഓപ്പറേഷന് മഹാദേവ് ആരംഭിച്ചിരുന്നു. ഭീകരരെയും അവരെ സഹായിച്ചവരെയും വധിച്ചു.
ഈ മാസം 22നാണ് ഭീകരരെക്കുറിച്ച് രഹസ്യാന്വേഷണ വിവരം കിട്ടിയത്. ഭീകരര്‍ പാക്കിസ്ഥാനിലേക്ക് കടക്കുന്നത് മുമ്പേ തടഞ്ഞിരുന്നു.
പാക്കിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കാനാണ് മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം ശ്രമിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. പാക്കിസ്ഥാനെ സംരക്ഷിക്കുന്നതിലൂടെ പ്രതിപക്ഷത്തിന് എന്താണ് ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.